വരും മണിക്കൂറുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ, ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ. ബിപോർജോയ് ബാധിത പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദ് ചെയ്യുക. ഇത് സംബന്ധിച്ച വിവരങ്ങൾ പശ്ചിമ റെയിൽവേ അറിയിച്ചിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15ന് കച്ച്, സൗരാഷ്ട്ര മേഖലകളിൽ വീശയടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പിന്നീട് ചുഴലിക്കാറ്റ് പാകിസ്ഥാൻ തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്.
‘പശ്ചിമ റെയിൽവേയുടെ നേതൃത്വത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയെ കുറിച്ച് കൃത്യമായ അവലോകനം നടത്തുന്നുണ്ട്. അതിനാൽ, ദുരന്തനിവാരണത്തിനായി കൺട്രോൾ റൂം സ്ഥാപിക്കുകയും, പോർബന്തർ, ഓഖ, ഭുജ്, ഗാന്ധിഡാം എന്നി മേഖലകളിൽ പ്രത്യേക സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, പോർബന്തറിൽ കാറ്റിന്റെ വേഗത കൂടിയതിനാൽ, ചില ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളിലേക്കുള്ള എല്ലാ ട്രെയിനുകളും നാളെ മുതലാണ് റദ്ദ് ചെയ്യുക’, പശ്ചിമ റെയിൽവേ ജനറൽ മാനേജർ അശോക് കുമാർ മിശ്ര പറഞ്ഞു.
‘സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനായി ട്രെയിൻ ഷെഡ്യൂളിൽ കൃത്യമായ മാറ്റങ്ങൾ പശ്ചിമ റെയിൽവേ വരുത്തുന്നുണ്ട്. പശ്ചിമ റെയിൽവേയുടെ അധികാര പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ വരികയാണെങ്കിൽ അവ നേരിടാനുളള സന്നഹങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്’, ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റെയിൽവേ ബോർഡ് ഡയറക്ടർ ശിവാജി സുതർ പറഞ്ഞു.
Post Your Comments