തൃശൂർ: ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ തുറവൂർ കുത്തിയതോട് തിരുമല ഭാഗം കളത്തിൽ വിഷ്ണു ശ്രീകുമാറിനെ (32) ആണ് പിടികൂടിയത്. ഇരുചക്ര വാഹന ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിന് കൊടുത്ത 2.12 ലക്ഷം രൂപ വിലവരുന്ന പുതിയ മോഡൽ എൻഫീൽഡ് മോട്ടോർസൈക്കിളുമായിട്ടാണ് ഇയാൾ മുങ്ങിയത്.
ഇക്കഴിഞ്ഞ മേയ് എട്ടിനാണ് സംഭവം. തൃശൂരിലെ ബൈക്ക് ഷോറൂമിലേക്ക് ഇയാൾ വിളിക്കുകയും പുതിയ മോഡൽ ബൈക്കുകളുടെ വില തിരക്കുകയും ചെയ്തിരുന്നു. തുടർന്ന്, ടെസ്റ്റ് ഡ്രൈവ് നടത്തണമെന്ന് പറഞ്ഞ് അയാൾ നിന്നിരുന്ന ഹോട്ടലിന് സമീപത്തേക്ക് ബൈക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
Read Also : ‘സർക്കാർ – എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും’: പ്രതികരണവുമായി എംവി ഗോവിന്ദൻ
ബൈക്ക് ഷോറൂം ജീവനക്കാരൻ ഉടൻ തന്നെ പുതിയ മോഡൽ ബൈക്കുമായി എത്തുകയും ടെസ്റ്റ് ഡ്രൈവിന് നൽകുകയുമായിരുന്നു. ബൈക്കുമായി കടന്നുകളഞ്ഞ ഇയാൾ ഏറെ നേരമായി തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് ചതി മനസ്സിലാക്കിയ ഷോറൂം ജീവനക്കാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയെ കൂടാതെ, സബ് ഇൻസ്പെക്ടർ എൻ.ബി. സുനിൽകുമാർ, അസി. സബ് ഇൻസ്പെക്ടർ വില്ലിമോൻ, സി.പി.ഒമാരായ പി. ഹരീഷ് കുമാർ, വി.ബി. ദീപക്, സൈബർ സെൽ സി.പി.ഒമാരായ കെ. ശരത്, കെ.എസ്. നിതിൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments