മൺസൂൺ സീസൺ ആരംഭിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31ന് അർദ്ധരാത്രി പിൻവലിക്കും. ഇക്കാലയളവിൽ വലകൾ ഉപയോഗിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും, ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണം ബാധകമല്ല.
ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് ഇന്നലെ തന്നെ ബോട്ടുകളെല്ലാം കരയ്ക്ക് അടുപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനകൾ അധികൃതരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. അതേസമയം, ജൂൺ 1 മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്രസർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുവള്ളങ്ങൾക്ക് മാത്രം മത്സ്യബന്ധനം നടത്താൻ അനുമതി ഉള്ളതിനാൽ മത്സ്യവില കുത്തനെ കുതിച്ചുയരാൻ സാധ്യതയുണ്ട്.
Also Read:ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രിയിൽ മിന്നൽ റെയ്ഡ്: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Post Your Comments