
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത വീടുകളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നാല് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. വിദ്യ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, കാലടി സർവ്വകലാശാലയിലെ ഒരു ഹോസ്റ്റലിൽ വിദ്യ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കെഎസ്യുവിന്റെ ആരോപണം. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.
Post Your Comments