കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞ് മുന്‍ കാലടി വിസി ധര്‍മരാജ് അടാട്ട്. സര്‍വകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നല്‍കിയെന്നായിരുന്നു മുന്‍ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സര്‍വകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമുള്ള ധര്‍മരാജ് അടാട്ടിന്റെ സംഭാഷണം പുറത്ത് വന്നു. വിദ്യയ്ക്ക് പ്രവേശനം നല്‍കിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്നാണ് വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാര്‍ഥികളോട് ധര്‍മരാജ് അടാട്ട് പറഞ്ഞത്.
സകല സര്‍വകലാശാല മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യയുടെ 2022 ലെ പി എച്ച് ഡി പ്രവേശനമെന്നും സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചിട്ടില്ലെന്നുമായിരുന്നു മുന്‍ വി സിയുടെ നിലപാട്. എന്നാല്‍ വിദ്യയെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത് മറ്റ് വിദ്യാര്‍ഥികള്‍ ഡോ. ധര്‍മരാജ് അടാട്ടിനെ കണ്ടപ്പോഴാണ് കോടതിയുത്തരവെന്ന് മറുപടി നല്‍കിയത്.
സര്‍വകലാശാല മാനദണ്ഡം അനുസരിച്ച് പി എച്ച്ഡി പ്രവേശനത്തിന് 20 ശതമാനം സംവരണം വേണമെന്നിരിക്കെ വിദ്യയെ പ്രവേശിപ്പിച്ചത് കോടതിയുത്തരവിന്റെ മാത്രം അടിസ്ഥാനത്തിലെന്നാണ് അന്ന് വിസി പറഞ്ഞത്. അതായത് ലിസ്റ്റില്‍ അവസാനക്കാരിയായി വിദ്യയെ ഉള്‍പ്പെടുത്തിയത് കോടതിയുത്തരവ് മാത്രം പരിഗണിച്ചാണ്. വിദ്യയ്ക്ക് സീറ്റ് നല്‍കണമെന്നല്ലല്ലോ അപേക്ഷ പരിഗണിക്കാനല്ലേ കോടതി നിര്‍ദ്ദേശമെന്ന വിദ്യാര്‍ത്ഥികളുടെ മറു ചോദ്യത്തിന് നിങ്ങളും കോടതിയില്‍ പോയി ഉത്തരവ് സമ്പാദിക്കെന്നായിരുന്നു മറുപടി. 2020 ല്‍ മലയാള വിഭാഗത്തില്‍ പിഎച്ച് ഡിക്കായി പത്തുസീറ്റാണ് കാലടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 5 സീറ്റ് കൂടി വര്‍ധിപ്പിച്ചു. ഈ അധിക പട്ടികയിലാണ് അവസാന സ്ഥാനക്കാരിയായി വിദ്യ കടന്നുകൂടിയത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നായിരുന്നു ഡോ. ധര്‍മരാജ് അടാട്ടിന്റെ കഴിഞ്ഞ ദിവസത്തെ നിലപാട്.
Post Your Comments