എന്നാലും എന്റെ ശ്രീമതി ടീച്ചറേ…; കെ.വിദ്യയെ പരിഹസിച്ച പി.കെ ശ്രീമതിക്ക് ട്രോൾ

കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി രംഗത്ത് വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിന്‍സിപ്പാളിന്റെ കളളയൊപ്പിട്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തില്‍ എസ്എഫ്ഐയും സിപിഎമ്മും വിദ്യയുടെ വിഷയത്തിൽ പ്രതികരണം അറിയിക്കാതിരിക്കുമ്പോഴാണ് ശ്രീമതിയുടെ വേറിട്ട പരിഹാസം. ഇത് ചർച്ചയ്ക്ക് കാരണമായി.

എന്നാൽ, ശ്രീമതി ടീച്ചറുടെ ട്രോൾ ഇവർക്ക് തന്നെ പാരയായിരിക്കുകയാണ്. മുൻപ് വിദ്യയ്ക്ക് അവാർഡ് നൽകുന്ന ശ്രീമതിയുടെ ഫോട്ടോ കുത്തിപ്പൊക്കിയിരിക്കുകയാണ് ട്രോളർമാർ. നേരത്തെ എഴുത്തുകാരൻ സുനിൽ പി ഇളയിടത്തിനൊപ്പവും വിദ്യ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് സുനിൽ ആയിരുന്നു. ആ സമയമെടുത്ത ചിത്രവും, ശ്രീമതി ടീച്ചർക്കൊപ്പം വിദ്യ നിൽക്കുന്ന ചിത്രവും രാഷ്ട്രീയ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ഗസ്റ്റ് ലക്ചറര്‍ ആകാന്‍ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ കോളേജില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയി പ്രവര്‍ത്തിച്ചു എന്നു വ്യക്തമാക്കുന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മ്മിച്ചത്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിനിയാണ് കെ.വിദ്യ.

Share
Leave a Comment