വാഷിംഗ്ടണ്‍: ഇന്ത്യ എല്ലാ മേഖലകളിലും കുതിക്കുകയാണെന്ന് പാക് വംശജനും പ്രശസ്ത അമേരിക്കന്‍ വ്യവസായിയുമായ സാജിദ് തരാര്‍. ലോകം മുഴുവന്‍ ഇന്ത്യയെ മാതൃകയാക്കണം. ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാന്‍ തകരുകയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ സാജിദ് തരാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ചരിത്രപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാ മേഖലകളിലും ഇന്ത്യ കുതിക്കുകയാണ്. തങ്ങളുടെ നേതൃത്വത്തെയും ഭാവിയില്‍ ലോകത്തിന് നല്‍കാന്‍ സാധിക്കുന്ന പങ്കിനെയും ഇന്ത്യ ഒരിക്കലും വില കുറച്ചു കാണുന്നില്ല. എല്ലാ മേഖലയിലും ഇന്ത്യ വിജയിക്കുന്നതാണ് കാണുന്നത്. ലോകം ഇന്ത്യയെ മാതൃകയാക്കണം, ഇന്ത്യയില്‍ നിന്നും പഠിക്കണം. സത്യം പറഞ്ഞാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ഏതൊരു ലോക നേതാവിനും ലഭിക്കുന്ന വലിയ ബഹുമതിയാണ്’.
‘നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്രപരമായിരിക്കും. ഇന്ത്യയുടെ വിദേശനയം തന്നെ നോക്കുക. യുഎസ് ഇന്ത്യയ്ക്ക് നാറ്റോയില്‍ അടക്കം അംഗത്വം വാഗ്ദാനം ചെയ്യുന്നു. റഷ്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നതിനാലാണ് ഇന്ത്യക്ക് അതില്‍ താല്‍പ്പര്യമില്ലാത്തത്. ഒരുവശത്ത്, ഇന്ത്യ കുതിക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാന്‍ തകരുന്നു. ഏറ്റവും പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നു പോകുന്നത്. രാഷ്ട്രീയ സ്ഥിരത ഇല്ല, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്’,എന്നും സാജിദ് തരാര്‍ പറഞ്ഞു.
Post Your Comments