തിരുവനന്തപുരം:അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, കാലവര്‍ഷത്തിന്റെ വരവ് സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ടു ദിവസമായി ലഭിക്കുന്ന മഴയുടെ കണക്ക് അധികൃതര്‍ വിലയിരുത്തിരിക്കുകയാണ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാനുള്ള വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാകും നടപടി. അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരുന്ന ദിവസങ്ങളില്‍ ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു സഞ്ചരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. ചുഴലിക്കാറ്റിന്റെ വരവാണ് കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ മുന്നേറ്റത്തെ ദുര്‍ബലമാക്കിയതെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ വിലയിരുത്തിയിട്ടുണ്ട്. കറാച്ചി തീരത്തേക്കോ ഒമാന്‍ തീരത്തേക്കോ നീങ്ങി ഏതാനും ദിവസങ്ങള്‍ക്കകം ഇതു ദുര്‍ബലമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments