തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നപ്പോള്‍ രണ്ട് ദിവസം കൊണ്ട് സര്‍ക്കാരിന്റെ ഖജനാവിലേയ്ക്ക് എത്തിയത് 5.66 കോടിരൂപ. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാത്ത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.
Read Also: ഇന്ത്യൻ വിപണിയിൽ വേരുറപ്പിക്കാൻ ടെസ്‌ല, അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി
അതേസമയം, പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. രണ്ടാം ദിനം ഏറ്റവും കൂടുതല്‍ പിഴ തിരുവനന്തപുരം ജില്ലയിലും, ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലുമാണ്. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851ആണ്. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കില്‍ ഇന്നലെ അത് 2901 ആയി കുറഞ്ഞു. രണ്ടു ദിവസങ്ങളിലായി 46,000 ചെലാന്‍ അയച്ചു. ഓണ്‍ലൈനായോ നേരിട്ടോ പിഴ ഒടുക്കാം. പരാതിയുള്ളവര്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയെ സമീപിക്കാം. മൂന്നു മാസത്തിനുള്ള പിഴ അടച്ചില്ലെങ്കില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരും.
നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാന്‍ മാര്‍ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകള്‍ കണ്ടെത്തിയാല്‍ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാന്‍ പ്രേരണയായി.
Post Your Comments