കൊച്ചി: എഴുതാത്ത പരീക്ഷ പാസായ സംഭവത്തിലും വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത് വന്നിരുന്നു. എഴുത്താത്ത പരീക്ഷയ്ക്ക് മാർക്ക് വന്നതെങ്ങനെ എന്ന് അറിയില്ലെന്നും പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നുവെന്നുമായിരുന്നു ആർഷോയുടെ ന്യായീകരണം. മഹാരാജാസ് കോളേജ് വ്യാജ രേഖ വിവാദത്തിൽ കുറ്റാരോപിതയായ വിദ്യയെ അറിയാമെന്നും അവരുടെ വ്യാജ രേഖ സംബന്ധിച്ച കേസിനെ കുറിച്ച് ഒന്നുമറിയില്ലെന്നും ആർഷോ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ആർഷോയേയും എസ്.എഫ്.ഐ എന്ന സംഘടനയെയും പരിഹസിച്ച് സന്ദീപ് വാചസ്പതി രംഗത്ത്. കഷ്ടകാലമായതിനാൽ ആർഷോ പിടിക്കപ്പെട്ടു എന്നേ ഉള്ളൂവെന്നും, ഇത് പോലെ എത്ര എത്ര ആർഷോമാർ ഗസറ്റഡ് ഓഫീസർമാരായി വിലസിയിട്ടുണ്ട് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇങ്ങനെയൊക്കെയാണ് അടിമകളെ സൃഷ്ടിക്കുന്നതെന്ന് ആരോപിച്ച സന്ദീപ് വാചസ്പതി, ഇത്തരം ആനുകൂല്യങ്ങൾ നൽകിയാണ് പ്രബുദ്ധരെ ഉണ്ടാക്കിയിട്ടുള്ളത് എന്നും ചൂണ്ടിക്കാട്ടി.
മഹാരാജാസ് കോളേജ് വ്യാജ രേഖ വിവാദത്തിൽ കുറ്റാരോപിതയായ വിദ്യയും ആർഷോയും സുഹൃത്തുക്കളാണ്. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും പിഎം ആർഷോ പാസായതായി രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായ കാസർകോട് സ്വദേശി വിദ്യ കെയ്ക്ക് എതിരെയാണ് വ്യാജ രേഖ ചമച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ആരോപണത്തിന് പിന്നാലെ വിദ്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് വ്യാജ രേഖ. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്.
Post Your Comments