Latest NewsKeralaNews

തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഭാരത് ഗ്യാസ് ഔട്ട് ലെറ്റിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന 10 തൊഴിലാളികൾക്ക് ഇഎസ്‌ഐ, ഇപിഎഫ് ആനുകുല്യങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൊഴിലെടുത്തതിനുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും അർഹതപ്പെട്ട അവധിയും ലഭിക്കേണ്ടത് ജീവനക്കാരുടെ മനുഷ്യാവകാശമാണെന്നും അത് നിഷേധിക്കരുതെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

Read Also: നിനക്കെന്താ ഭർത്താവിന്റെ കാര്യങ്ങൾ നോക്കണോ, കൊച്ചിന് പാലു കൊടുക്കണമായിരുന്നോ? മൂന്നാം ക്ലാസിലെ കുട്ടിയോട് അദ്ധ്യാപിക

വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്താൻ കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തൊഴിൽ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ കോഴിക്കോട് റീജിയണൽ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു. ലേബർ കമ്മീഷണർക്ക് മുന്നിൽ കേസ് നിലവിലുള്ളതിനാൽ പരാതി കമ്മീഷനിൽ നിലനിൽക്കില്ലെന്ന് കോർപ്പറേഷൻ അറിയിച്ചു.

ജീവനക്കാരെ തങ്ങൾ നേരിട്ട് നിയമിച്ചതല്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ജീവനക്കാരെ നിയമിച്ചത് കരാറുകാരനാണ്. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത് കരാറുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ വകുപ്പു സെക്രട്ടറി സമർപ്പിച്ചതും സമാനരീതിയിലുള്ള റിപ്പോർട്ടാണ്. തൊഴിലാളി സംഘടനക്ക് കമ്മീഷനിൽ പരാതി നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മിനിമം വേതനം നൽകണമെന്ന വ്യവസ്ഥയിൽ സിവിൽ സപ്ലൈസ് വിഭാഗവുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. 2014 മാർച്ച് 1 ന് ഉണ്ടാക്കിയ കരാർ 2023 ഏപ്രിൽ 27 ആയിട്ടും നടപ്പാക്കിയിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. മനുഷ്യാവകാശ കമ്മീഷനിൽ കേസ് നിലനിൽക്കില്ലെന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വാദം കമ്മീഷൻ തള്ളി. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടിട്ടാണ് ഫയലിൽ സ്വീകരിച്ചതെന്നും ഉത്തരവിൽ പറഞ്ഞു. കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി സുകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Read Also: കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button