ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും. നോർക്ക റൂട്ട്സിന്റെ ഇടപെടലിലൂടെയാണ് 14 മലയാളികളെയും നാട്ടിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്കുള്ള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു 14 പേരും. ഇവരിൽ 10 പേർ ഇതിനോടകം തന്നെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിൻ മുഖാന്തരം ചെന്നൈയിലെത്തിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേർക്ക് ട്രിവാൻഡ്രം മെയിലിലും, മറ്റുള്ളവർക്ക് മാംഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
മറ്റ് നാല് മലയാളികളെ ഭുവനേശ്വറിൽ നിന്നും വിമാന മാർഗമാണ് ഇന്ന് കേരളത്തിലേക്ക് എത്തിക്കുക. ഭുവനേശ്വറിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിലാണ് ഇവർക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭുവനേശ്വറിൽ നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് ബെംഗളൂരു വഴി രാത്രിയോടെയാണ് കൊച്ചിയിൽ എത്തുക. അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാദൗത്യം പൂർത്തീകരിക്കുന്നത് വരെ ബന്ധപ്പെട്ട അധികൃതർ ഭുവനേശ്വറിൽ തുടരുന്നതാണ്. അപകടത്തിൽപ്പെട്ടവരെ കേരളത്തിൽ എത്തിക്കാൻ നോർക്ക റൂട്ട്സിന്റെ വിവിധ കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
Post Your Comments