ലക്നൗ: വിവാഹദിനത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ച്ചിയിലാണ് സംഭവം. തൊട്ടടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിരണ്ടുകാരനായ പ്രതാപ് യാദവിനെയും ഇരുപതുകാരി പുഷ്പയേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മേയ് മുപ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ രാത്രിയില്‍ നവദമ്പതികള്‍ കിടപ്പുമുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഇരുവരെയും കാണാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇരുവര്‍ക്കും ഹൃദയാഘാതമായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് എസ് പി പ്രശാന്ത് വര്‍മ പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ രണ്ടുപേര്‍ക്കും ഒന്നിച്ച് ഹൃദയാഘാതം വരുമെന്ന് ബന്ധുക്കള്‍ ചോദിച്ചു. ഇരുവരുടെയും മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ഹൃദയാഘാതമുണ്ടായതാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
Post Your Comments