കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് ജയിലിൽ നിന്നിറങ്ങവേ സ്വീകരണം നൽകി സ്വീകരിച്ചവർക്കെതിരെ പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് യുവതി പ്രതികരിച്ചു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും നന്ദിത പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നന്ദിതയെന്ന മസ്താനിയുടെ പ്രതികരണം.
‘സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകും. എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറും’, പരാതിക്കാരി ആരോപിച്ചു.
കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments