കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് സ്വദേശി സവാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം ഏറെ ചർച്ചയാവുകയും ഇതിനെ ചുറ്റിപ്പറ്റി ചില വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. ചലച്ചിത്രതാരവും മോഡലുമായ മസ്താനി ആയിരുന്നു തനിക്കുണ്ടായ അനുഭവം വീഡിയോ സഹിതമെടുത്ത് പ്രതികരിച്ചത്. അങ്കമാലിയിൽ നിന്നും കയറിയ സവാദ് മസ്താനിക്കടുത്ത് വന്നിരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു.
എന്നാൽ, വീഡിയോ വൈറലായതോടെ ഒരു വിഭാഗം ആളുകൾ മസ്താനിയെ കുറ്റപ്പെടുത്തിയും പ്ലാൻ ചെയ്തുകൊണ്ടുള്ള പരുപാടി ആണെന്ന് ആരോപിക്കുകയും ചെയ്തു. യുവാവിന്റെ സ്വകാര്യസ്ഥലങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ കാണാനില്ലെന്നും മസ്താനി പറയുന്നത് പോലെയുള്ള ഒരു കാഴ്ചയും വീഡിയോയിൽ ഇല്ലെന്നുമാണ് സവാദിനെ ന്യായീകരിക്കുന്ന വിഭാഗക്കാരുടെ വാദം. സോഷ്യൽ മീഡിയയിൽ സവാദിനെ ന്യായീകരിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിൽ വിശദീകരണവുമായി മസ്തനായി വീണ്ടും രംഗത്തെത്തി.
‘ആ പയ്യന്റെ ഒരു ബന്ധു എനിക്ക് മെസേജ് അയച്ച് ചോദിച്ചിരുന്നു എന്താണ് ശരിക്കും സംഭവിച്ചത് എന്ന്. അവന്റെ ഉമ്മയോടും പെങ്ങളോടും ഒരു സോറി പറഞ്ഞേക്ക് എന്ന് ഞാൻ അയാളോട് എടുത്ത് പറഞ്ഞു. അങ്ങനെയൊരു മകൻ ഉണ്ടായി പോയതിൽ. അല്ലാതെ ഞാൻ എന്തേലും തെറ്റ് ചെയ്തതിനല്ല, ഞാൻ തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല. എന്തൊക്കെ പറഞ്ഞാലും ആ പയ്യന്റെ വീട്ടിലെ അവസ്ഥ ആലോചിച്ചാൽ…’, മസ്താനി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മസ്താനി ഇക്കാര്യം പറഞ്ഞത്.
‘ഞാൻ രണ്ട് വട്ടം നോക്കി ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികരിച്ചത്. നമ്മൾ തെറ്റിദ്ധരിക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തണമല്ലോ. സുഹൃത്തിന് മെസേജ് അയച്ചപ്പോൾ അയാളാണ് പറഞ്ഞത് വീഡിയോ എടുത്ത്, ശബ്ദമുയർത്ത് എന്ന്. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. സുഹൃത്ത് അപ്പോൾ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞാൻ നിശ്ചലയായി നിന്നുപോയേനെ’, മസ്തനായി പറയുന്നു.
കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് സംഭവം നടന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. ഉടൻ തന്നെ പ്രതികരിച്ച മസ്താനിക്ക് കെ.എസ്.ആർ.ടി.സി കണ്ടക്‌ടർ നൽകിയ പിന്തുണയും കേരളം കണ്ടതാണ്.
Post Your Comments