ഇടുക്കി: കുമളിയില്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ സമദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന സമദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കുമളി ഒന്നാം മൈലില്‍ വച്ചാണ് അബ്ദുള്‍ സമദിന് മര്‍ദ്ദനമേറ്റത്.
വീടിന് സമീപത്തുള്ള ഓടയില്‍ മാലിന്യം നിറഞ്ഞിട്ടും നീക്കം ചെയ്യാത്തതിനെതിരെ സമദ് സമൂഹമാധ്യമത്തല്‍ പോസ്റ്റിട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരുന്ന ഓട പണിപൂര്‍ത്തിയായിട്ടും പഞ്ചായത്ത് തുറന്ന് നല്‍കിയില്ലായിരുന്നു. പഞ്ചായത്ത് അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് സമദിന്റെ പരാതി.
മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം മര്‍ദ്ദനത്തില്‍ പരുക്കേറ്റ സമദിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോള്‍ വഴക്കുണ്ടായെന്നാണ് സി പി എം നേതൃത്വം നല്‍കിയ വിശദീകരണം.
Post Your Comments