റിലയൻസ് ജിയോ ഇൻഫോകോമിനും, ടാറ്റാ കമ്മ്യൂണിക്കേഷനും ആദായ വകുപ്പ് നോട്ടീസ് അയച്ചു. ഇന്റർനെറ്റ് യൂസേജ് ചാർജുകളുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി നിയമത്തിന്റെ ചട്ടം 195 അനുസരിച്ച്, വിദേശ ടെലികോം ഓപ്പറേറ്റർമാർക്ക് ഇന്റർകണക്ഷൻ യൂസേജ് ചാർജ് നൽകുമ്പോൾ ഇന്ത്യൻ ടെലികോം കമ്പനികൾ ടിഡിഎസിൽ നിന്നും നികുതി കുറയ്ക്കേണ്ടതാണ്. ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ ഐടി ആക്ട് സെക്ഷൻ 201 പ്രകാരം, ടിഡിഎസ് നികുതിയും, അതിനോടൊപ്പം ഉള്ള പലിശയും അടയ്ക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് രണ്ട് കമ്പനികൾക്കും നോട്ടീസ് അയച്ചിട്ടുള്ളത്.
ആദായ നികുതി വകുപ്പിന്റെ മുംബൈ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ, ഈ ഉത്തരവുകൾക്കെതിരെ ഇരു കമ്പനികളും അപ്പീൽ നൽകിയിട്ടുണ്ട്. വിദേശ ടെലികോം സേവന ദാതാവിന്റെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന ഫീസിൽ, മനുഷ്യ ഇടപെടലുകൾ നടക്കുമ്പോൾ യൂസേജ് ചാർജ് ചുമത്തുന്നതിൽ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, കണക്ഷനുമായി ബന്ധപ്പെട്ട നടപടികൾ ഓട്ടോമാറ്റിക്കായി നടക്കുന്നതിനാൽ, കണക്ടിംഗ് നിരക്കുകൾ ഇല്ലെന്നും, അതുകൊണ്ട് ടിഡിഎസും നൽകേണ്ടതില്ലെന്നാണ് കമ്പനികളുടെ വാദം. 2019-20 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത ക്രമക്കേടിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Post Your Comments