പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽമണി കടപ്പത്രങ്ങൾ പുറത്തിറക്കുന്നു. 1000 രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കടപ്പത്രങ്ങളുടെ വിൽപ്പന ജൂൺ 6 മുതൽ ആരംഭിക്കും. ജൂൺ 19-നാണ് വിൽപ്പന അവസാനിക്കുക. അതേസമയം, അവസാന തീയതിക്ക് മുൻപ് തന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യൂ അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിക്ഷേപകരുടെ താൽപര്യാർത്ഥം ആയിരം കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ഇൻഡെൽമണി ആവിഷ്കരിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കുന്ന കടപ്പത്രങ്ങളിലൂടെ 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയായി വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 400 ദിവസം മുതൽ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 2024 സാമ്പത്തിക വർഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ തുക പ്രധാനമായും സ്വർണപ്പണയ വായ്പകൾക്കാണ് വിനിയോഗിക്കുക. അതേസമയം, രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 405 പുതിയ ശാഖകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Post Your Comments