രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ട, കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണ്. മധ്യവേനലവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.

മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും.

Share
Leave a Comment