
ന്യൂഡൽഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്‍ മത്സരത്തില്‍ അഞ്ചാം കിരീടം ഉയര്‍ത്തിയ നായകൻ എം.എസ് ധോണിയെ ഉപദേശിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ധോണി ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പരിഗണിക്കണമെന്നാണ് അദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ധോണി പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹം അധികകാലം ടീമില്‍ തുടരേണ്ടെന്നും ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റിൽ വ്യക്തമാക്കി. എല്ലാവരേയും പോലെ ധോണി ഒരിക്കല്‍കൂടി ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയതില്‍ തനിക്കും സന്തോഷമുണ്ടെന്നും, ഒരു വര്‍ഷം കൂടി ധോണി ഐ.പി.എല്ലില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.സി റിവ്യു പാനലില്‍ ഞാന്‍ ധോണിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കായികരംഗത്തെ അതേ ചടുലത ധോണി അവിടെയും പ്രകടിപ്പിച്ചിരുന്നു. എല്ലാവരുമായി സഹകരിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാമതും കിരീടം നേടിയതിനെ അഭിനന്ദിക്കുന്നതിനൊപ്പമാണ് ആനന്ദ് തന്റെ ഇഷ്ടകളിക്കാരന് ഒരു ഉപദേശവും നൽകിയിരിക്കുന്നത്.
എന്നാല്‍, അടുത്ത സീസണില്‍ താന്‍ ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശരീരം എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐപിഎല്‍ സീസണില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കാല്‍മുട്ടിലെ പരിക്ക് കൊണ്ട് സീസണ്‍ മുഴുവന്‍ ബുദ്ധിമുട്ടിയ ധോണി അതിനെ അതിജീവിച്ചാല്‍ മാത്രമേ തിരിച്ചെത്താനാകൂ.
Post Your Comments