Latest NewsKeralaNews

അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ച് സംഭാഷണം’ അതുകൊണ്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു

വിയോജിപ്പുകള്‍ പലതുണ്ടാവാം, പക്ഷെ എന്തുതന്നെയായാലും കേരള മുഖ്യമന്ത്രി നമ്മുടെ എല്ലാവരുടെയുമാണല്ലോ: ജോയ് മാത്യു

കൊച്ചി: ‘ബൈനറി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോയ് മാത്യു. അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞത് എന്ന് ജോയ് മാത്യു പറയുന്നത്. തനിക്ക് പ്രതിഫലം മുഴുവന്‍ തന്നിട്ടില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

Read Also: മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോര്‍ക്കര്‍ അന്തരിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

ആരോപണങ്ങള്‍ മറുപടികള്‍

കഴിഞ്ഞ ദിവസങ്ങളിലായി എന്നെക്കുറിച്ച് പ്രചരിക്കുന്ന ചില ആരോപണങ്ങളെ ഉത്സവമാക്കുന്ന മാധ്യമങ്ങളോടും അടിമ സഖാക്കളുടെയും അറിവിലേക്ക്:

ആരോപണം 1.

‘സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ശരിയാണ്. വിയോജിപ്പുകള്‍ പലതുണ്ടെങ്കിലും അതിനെ രാഷ്ട്രീയമായും നൈതികമായും വിമര്‍ശിക്കുന്നത് ന്യായം. അത്തരത്തില്‍ കേരള മുഖ്യമന്ത്രിയെ കഴിഞ്ഞ കുറച്ചു കാലത്ത് ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് ഒരുപക്ഷേ ഞാനായിരിക്കാം. പക്ഷേ തിരക്കഥയില്‍ തീര്‍ത്തും അശ്ലീലഭാഷയില്‍ ചില സംഭാഷണങ്ങള്‍ കേരള മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയായ ഒരു സ്ത്രീ കഥാപാത്രത്തെയും ബന്ധിപ്പിച്ചു കണ്ടപ്പോള്‍ ഇത് മുന്‍പ് കഥയില്‍ ഇല്ലാതിരുന്നതാണല്ലോ. അത് പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാലേ പടം ഹിറ്റാവൂ എന്നാണ് സംവിധായകന്‍ പറഞ്ഞത്. കഥയുമായി ബന്ധമില്ലാത്ത ഒരു കാര്യം തിരക്കഥയില്‍ തിരുകിക്കയറ്റുന്നതിനെ അംഗീകരിക്കാന്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ തയ്യാറല്ല. (വിയോജിപ്പുകള്‍ പലതുണ്ടാവാം. വിമര്‍ശനവും ഉണ്ടാകാം. പക്ഷെ എന്തുതന്നെയായാലും കേരള മുഖ്യമന്ത്രി നമ്മുടെ എല്ലാവരുടെയുമാണല്ലോ) അതുകൊണ്ട് തന്നെ അത് കത്തിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കയ്യില്‍ ലൈറ്റര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിച്ചെറിയേണ്ടിവന്നു. ഇനിയും
ഇത്തരം ആഭാസങ്ങള്‍ എഴുതിപ്പിടിപ്പിച്ചാല്‍ ചിലപ്പോള്‍ കത്തിച്ചെന്നുമിരിക്കും’.

ആരോപണം 2

കോസ്റ്റ്യൂമറുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. പകുതി ശരിയാണ്. പക്ഷെ തിരുത്തുണ്ട്. മുഖത്തേക്കല്ല മുറിയുടെ മൂലയിലേക്കാണ് എറിഞ്ഞത്. കഥാപാത്രത്തിന് ധരിക്കാന്‍ എവിടെ നിന്നോ വാടകക്കെടുത്ത കോട്ടില്‍ സാമ്പാര്‍ വീണ് അഴുക്കായിരുന്നു. സാമ്പാറോ ഇനി ചാണകം തന്നെയോ വസ്ത്രത്തില്‍ വരുന്ന കഥാപാത്രമാണെങ്കില്‍ അതൊരു പ്രശ്നമല്ല. ഈ കഥാപാത്രം അമേരിക്കയില്‍ നിന്നും വരുന്ന ഒരാളാണ്. അവിടെയാരും സാമ്പാറില്‍ മുക്കിയല്ല കോട്ട് അലക്കിയെടുക്കുക. മാത്രവുമല്ല കോട്ടിലെ സാമ്പാറിന് ഒരു അശ്ലീല ആകൃതി വന്നിരുന്നു. സ്ഥാനം തെറ്റി വരുന്നതാണല്ലോ അശ്ലീലം.

കോവിഡ് ആക്രമണത്തില്‍ തളര്‍ന്നിരുന്ന ഞാന്‍ തിരിച്ചു വീട്ടില്‍പ്പോയി എന്റെ സ്വന്തം ഷര്‍ട്ട് ധരിച്ചാണ് ആ സീന്‍ അഭിനയിച്ചത്. കോസ്റ്യൂമര്‍ പെണ്‍കുട്ടിക്ക് കാര്യം മനസ്സിലായതിനാലാണല്ലോ പൂക്കളോട് കൂടിയ good morning സന്ദേശങ്ങള്‍ എനിക്ക് ഇപ്പോഴും അയക്കുന്നത്’.

ആരോപണം 3

പ്രതിഫലത്തുക മുഴുവന്‍ തന്നിട്ടും പ്രമോഷന് വന്നില്ല. അതു ശരിയല്ല. പ്രതിഫലത്തുക കിട്ടിയില്ലെന്ന് പറഞ്ഞ് ‘അമ്മ’ സംഘടനക്കും പ്രൊഡ്യൂസര്‍ അസോസിയേഷനും അയച്ച എന്റെ പരാതി അവരുടെ ഫയലില്‍ കാണാവുന്നതാണ്-ബാക്കി തുക ഉടന്‍ തരാമെന്ന് പറഞ്ഞുകരയുന്ന നിര്‍മ്മാതാവിന്റെ വാട്സാപ്പ് സന്ദേശങ്ങളാല്‍ എന്റെ ഫോണ്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു’.

ആരോപണം 4

പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തില്ല- അതും ശരിയാണ്. പ്രായപൂര്‍ത്തിയാവാത്ത ഒരു ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒരുവനോടൊപ്പം വേദി പങ്കിടാന്‍ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞതാണ് . സംശയമുണ്ടെങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് സംശയം തീര്‍ക്കാവുന്നതാണ്. കൊയിലാണ്ടിയിലെ സി.പി.എം. പ്രവര്‍ത്തകരുടെ മുന്‍കയ്യിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതും ഈ ലമ്പടനെ കയ്യോടെ പൊക്കി കൈകാര്യം ചെയ്തതും. ഇനി കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന (കയര്‍ എന്നതിന് കോഴിക്കോട് ഭാഗത്ത് വരുന്ന അര്‍ത്ഥം എടുക്കണമെന്നില്ല) എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കും നന്ദി’.

‘എന്തെങ്കിലും കിട്ടുന്ന പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത് ഒരുവന്‍ ഞെളിഞ്ഞിരുന്നു മറ്റൊരാളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ എന്നന്വേഷിക്കുന്നത് പോട്ടെ പറയുന്നവന്റെ credibility എങ്കിലും അന്വേഷിക്കുക എന്നത് മാധ്യമ പ്രവര്‍ത്തനത്തിലെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് കരുതുന്നയാളാണ് ഞാന്‍’.

‘പുതിയ തലമുറയിലെ വെട്ടുക്കിളിക്കൂട്ടങ്ങളായ യുട്യൂബ് ചാനല്‍പ്പരിഷകള്‍, ആരോപണങ്ങള്‍ ഉന്നയിച്ച ‘ഡോക്ടര്‍’ ജാസിക്ക് അലിയോട് വളരെ സിംപിള്‍ ആയി ചോദിക്കാവുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ‘പത്താംക്ലാസ്സ് പാസാകാത്ത നിങ്ങളെങ്ങനെ ‘ഡോക്ടറായി’?’

”താഴെക്കൊടുത്തിട്ടുള്ള ചിത്രത്തിലെ ആളാണ് നിര്‍മ്മാതാവായി അവതരിച്ച് പിന്നീട് സംവിധായകനായി മാറിയ മേല്‍പ്പറഞ്ഞ കഥയിലെ നായകന്‍ ‘ഡോക്ടര്‍’ ജാസ്സിക്ക് അലി.”

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button