തൃശ്ശൂർ: വായ്പയെടുത്ത വ്യക്തിയെ സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തനങ്ങൾ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശ്ശൂർ വരടിയം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.
ഏഴുലക്ഷം രൂപ വായ്പയെടുത്തപ്പോൾ മാതാപിതാക്കളുടെ ആധാരം അന്യായമായി പിടിച്ചുവച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വരടിയം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരി മുതലും പലിശയും ചേർത്ത് 12,77,004 രൂപ അടയ്ക്കാനുണ്ടെന്നും തുക അടയ്ക്കാതെ ആധാരം മടക്കി നൽകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പരാതിക്കാരിക്ക് ആനുകൂല്യം നേടാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിയുടെ അമ്മ ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ കേസിൽ ഇടപെടാൻ കമ്മീഷൻ വിസമ്മതിച്ചു. എന്നാൽ പരാതിക്കാരിക്ക് വായ്പ തിരിച്ചടക്കാൻ സുതാര്യവും സമാധാനപരവുമായ ഒരു സമീപനം ബാങ്ക് അധികൃതർ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരി ഒറ്റത്തവണ തീർപ്പാക്കലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. ഇല്ലെങ്കിൽ ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ട് തിരിച്ചടവ് സംബന്ധിച്ച് ധാരണയിലെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Read Also: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി അധികൃതർ
Post Your Comments