കൊച്ചി: സംസ്ഥാനത്ത് മണമില്ലാത്ത വിദേശനിർമിത സിഗരറ്റ് വിൽപന വ്യാപകമാകുന്നതായി റിപ്പോർട്ട്. അനധികൃതമായി വിദേശത്ത് നിന്നും കടത്തിക്കൊണ്ടുവരുന്ന സിഗരറ്റാണ് സംസ്ഥാനത്ത് വിൽക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമാനമാര്‍ഗം വിദേശനിർമിത സിഗരറ്റ് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 123 കേസുകളാണ് കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം രജിസ്റ്റര്‍ ചെയ്തത്.
വിദേശനിർമിത സിഗരറ്റിന് നാട്ടിലെ സിഗരറ്റിനെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മണം കുറവാണെന്നതാണ് പ്രധാന ആകര്‍ഷം. പ്രത്യേക രുചിക്കൂട്ടുകളിലും നിറക്കൂട്ടുകളിലും ലഭിക്കുന്ന വിദേശ നിര്‍മ്മിത സിഗരറ്റുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും ഇത് കൂടുതലായി ഉപയോഗിക്കുന്നതായാണ് സൂചന. ഈ സിഗരറ്റുകളുടെ പായ്ക്കിന് പുറത്ത് നിയമപരമായ മുന്നറിയിപ്പുകൾ ഇല്ലാത്തതുകൊണ്ട് ഇവയുടെ വിൽപന ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സിഗരറ്റുകൾ ഇവിടെ മൂന്നിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില. 100, 200 കാര്‍ട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് വിദേശനിർമിത സിഗരറ്റ് കടത്തിക്കൊണ്ടുവരുന്നത്. ഇത് ഒരു കെട്ട് കടത്തിക്കൊണ്ടു വരുമ്പോൾ ഒരു ലക്ഷം രൂപ ലാഭം ലഭിക്കും. വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെന്നതാണ് കടത്ത് വര്‍ദ്ധിക്കാൻ കാരണം.
Post Your Comments