കൊച്ചി: ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചത്. പൊലീസ് ഗുസ്തി താരങ്ങളെ റോഡിൽ വലിച്ചിഴക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യൻമാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണ്,’ എന്നായിരുന്നു അപർണ കുറിച്ചത്.
നിരവധി പേരാണ് ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവ്വം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാർ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്ബോൾ താരം സികെ വിനീത് ട്വീറ്റ് ചെയ്തു.
‘ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം എൻറെ ഉള്ളിൽ കൊണ്ടു. അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരാണിവർ. എന്നാൽ, ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നു. ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എംപിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം? ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്,’ സികെ വിനീത് ട്വിറ്ററിൽ കുറിച്ചു.
Post Your Comments