![](/wp-content/uploads/2023/05/arikomban-tamilnadu.gif)
കമ്പം: രണ്ടാം അരിക്കൊമ്പന്‍ ദൗത്യത്തിനായി തമിഴ്‌നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയില്‍ കൃത്യമായി ഏത് സ്ഥലത്താണ് നിലവില്‍ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് സൂചന. കാട്ടാന ചുരുളിപ്പെട്ടി വനമേഖലയിലെ വെള്ളച്ചാട്ടത്തിനടുത്ത് നില്‍ക്കുന്നുണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ചുരുളിപ്പെട്ടി. കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചിട്ടുണ്ട്. കുങ്കിയാനകളെ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകും.
ആനയെ മയക്കുവെടി വയ്ക്കാനോ അതല്ലെങ്കില്‍ കുങ്കിയാനകളെ ഉപയോ?ഗിച്ച് അരിക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്താനോ ഉള്ള രണ്ട് സാധ്യതകളാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. ഇതിന് രണ്ടിനും പൂര്‍ണമായും സജ്ജരാണെന്ന് വനംവകുപ്പ് പറഞ്ഞു. വിഎച്ച്എസ്ഇ ആന്റിന ഉള്‍പ്പെടെ ഉപയോഗിച്ചാണ് വനംവകുപ്പ് ആനയെ ലൊക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.
മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്‌നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ഇന്നലെ രാവിലെയോടെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ആനയെ മയക്കുവെടിവെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പന്‍ ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വിലയിരുത്തി.
Post Your Comments