ഇടുക്കി: അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ മൃഗസ്നേഹികളുടെ പ്രതിഷേധം. ഇടുക്കി ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. രേവത് ബാബു ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുക. പരുപാടി ഉദ്ഘാടനം ചെയ്യുന്നത് പ്രസിദ്ധ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷ് ആണ്. എല്ലാ അരിക്കൊമ്പൻ സ്നേഹികളും സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും രേവത് ബാബു ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതേസമയം, അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 4 പേര്‍ക്ക് എര്‍പ്പെടുത്തിയ ഊരുവിലക്ക് കഴിഞ്ഞ ആഴ്ച പിന്‍വലിച്ചിരുന്നു. ചിന്നക്കനാലിൽ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുൽക്കുടി എന്നീ ആദിവാസി കുടികളിൽ 4 പേർക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്.
തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയതോടെയാണ് ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ നാടുകടത്തിയത്. നിലവിൽ അരിക്കൊമ്പൻ കോതയാർ വനത്തിൽ ആണുള്ളതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ മുണ്ടൻതുറൈ വനമേഖലയുൾപ്പെടുന്ന കോതയാർ വനത്തിൽ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിൽ ഒറ്റയാനായി വിലസിയ അരിക്കൊമ്പൻ രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് എന്നാതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം.
Post Your Comments