കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ. കുന്നത്തുനാട് ചേലമറ്റം ഒക്കൽ സ്രാമ്പിക്കൽ ഹാദിൽഷയാണ് (27) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.
മൊബൈൽ ഫോൺ വിൽക്കാൻ കാക്കനാട് സ്വദേശി ഒ.എൽ.എക്സിൽ നൽകിയ പരസ്യം കണ്ട് ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി നോക്കാനായി വാങ്ങിയശേഷം തട്ടിപ്പറിച്ച് കാറിൽ കടന്നുകളയുകയായിരുന്നു ഇയാൾ.
Read Also : ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം
ഫോണിന്റെ ഉടമസ്ഥന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൃക്കാക്കര സ്വദേശിയുടെ കൈയിൽനിന്ന് സമാന രീതിയിൽ മൊബൈൽ ഫോൺ കവർച്ച ചെയ്ത് രക്ഷപ്പെട്ട കേസിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നിർദേശ പ്രകാരം എറണാകുളം അസി. പൊലീസ് കമീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിൽ പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജൻ, എസ്.ഐ ജയകുമാർ, എസ്.സി.പി. മിഥുൻ സിദ്ധാർഥൻ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments