ഇസ്ലാമബാദ് : മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യം വിടുന്നതില്‍നിന്ന് വിലക്കി പാകിസ്ഥാന്‍. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖാസിം സൂരി, അസദ് ഉമര്‍, അസദ് ഖൈസര്‍, അസ്ലം ഇഖ്ബാല്‍, യാസ്മിന്‍ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹര്‍ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മേയ് ഒമ്പതിന് ഇമ്രാന്‍ ഖാനെ അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും സൈനിക ആസ്ഥാനത്തിനുനേരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
Post Your Comments