രാമപുരം: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ കുറുക്കന്റെ ആക്രമണത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി(58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ്(83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി(53), ഭാര്യ ജൂബി(47) എന്നിവര്‍ക്കാണ് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്.
രാവിലെ ആറിന് ചിറകണ്ടം – ഏഴാച്ചേരി റോഡില്‍ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുന്ന വഴിയാണ് മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍കൂടിയായ നെടുമ്പള്ളില്‍ ജോസിന് നേരെ കുറുക്കന്റെ ആക്രമണമുണ്ടായത്. നായയെപ്പോലെ ഒരു ജീവി ദൂരെനിന്ന് ഓടിവരുന്നതു കണ്ട ഇദ്ദേഹം സ്വയരക്ഷയ്ക്കായി റോഡിൽനിന്ന് കുനിഞ്ഞു കല്ലെടുക്കുന്നതിനിടയിൽ കുറുക്കൻ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ആണ് ഇദ്ദേഹത്തിന് കടിയേറ്റത്.
നടുവിലാമാക്കല്‍ ബേബി രാവിലെ 6.30-ന് വീടിന് സമീപത്തെ പുരയിടത്തിലേക്ക് ഇറങ്ങിയപ്പോഴാണ് കുറുക്കന് മുഖത്തും കൈയിലും കടിച്ചത്. ഇദ്ദേഹത്തിന്റെ ഒരു വിരലിന്റെ ഒരു ഭാഗം കുറുക്കന് കടിച്ചെടുത്തു.
വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി രാവിലെ ഏഴിന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് കുറുക്കന് ആക്രമിച്ചത്. മാത്തുക്കുട്ടിയെ ആക്രമിക്കുന്നതു കണ്ട് ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ ജൂബിയെയും കുറുക്കന് കടിക്കുകയായിരുന്നു. മാത്യുവിനും ജൂബി മാത്യുവിനും ശരീരമാസകലം കടിയേറ്റ മുറിവുണ്ട്. ചികിത്സയ്ക്ക് മെഡിക്കൽ കോളജിലെത്തിയ ഇവർ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.
Post Your Comments