Latest NewsNewsIndia

സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്‌പെന്‍ഷന്‍

ഛത്തീസ്ഗഡ്: വിലകൂടിയ മൊബൈൽ ഫോൺ അണക്കെട്ടില്‍ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം കൊണ്ടാണ് ഉദ്യോഗസ്ഥൻ വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെത്തിയത്. എന്നാല്‍, ഇതിനകം ഫോണ്‍ ഉപയോഗശൂന്യമായ അവസ്ഥയില്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് സംഭവം.

ഞായറാഴ്ച ഖേർകട്ട പാറകോട്ട് റിസർവോയർ സന്ദർശിക്കാൻ എത്തിയതായിരുന്നു ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസ്. സന്ദർശനത്തിനിടെ രാജേഷിൻ്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോൺ 15 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണു. ജലസേചന വകുപ്പിനെ സമീപിച്ച വിശ്വാസ് ഫോൺ വീണ്ടെടുക്കാനുള്ള വഴികൾ തേടി. വകുപ്പിൻ്റെ സഹായത്തോടെ വെള്ളം വറ്റിച്ച് ഫോൺ കണ്ടെത്താൻ തീരുമാനമായി.

പമ്പ് എത്തിച്ച് വെള്ളം വെട്ടിക്കാൻ തുടങ്ങി. ഫോൺ വീണ്ടെടുക്കാനുള്ള ദൗത്യം മൂന്ന് ദിവസം നീണ്ടുനിന്നു. ഏകദേശം ഇരുപത്തിയൊന്ന് ലക്ഷം ലിറ്റർ വെള്ളമാണ് വറ്റിച്ചത്.

വിവരം പുറത്തുവന്നതിന് പിന്നാലെ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിമർശനവുമായി രംഗത്തെത്തി.

’21 ലക്ഷം ലിറ്റർ വെള്ളമാണ് ഉദ്യോഗസ്ഥർ മൊബൈലിനായി പാഴാക്കിയത്. ഒന്നര ഏക്കർ ഭൂമിയിലെ ജലസേചനത്തിന് ഈ വെള്ളം ഉപയോഗിക്കാമായിരുന്നു. കൊടും ചൂടിൽ ജനങ്ങൾ ആശ്രയിക്കുന്നത് ടാങ്കറുകളെയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇവിടെ നിലനിൽക്കുന്നത്’- രമൺ സിംഗ് ട്വീറ്റിൽ കുറിച്ചു.

സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ന്റ് ചെയ്തു. വെള്ളം വറ്റിക്കാനുള്ള മുൻകൂർ അനുമതി സബ് ഡിവിഷണൽ ഓഫീസറിൽ നിന്ന് വാക്കാൽ താൻ നേടിയിരുന്നതായി രാജേഷ് അറിയിച്ചെങ്കിലും ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തിയതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് അനുമതി തേടാത്തതിനും രാജേഷിന്റെ സസ്പെൻഷൻ ജില്ല കളക്ടർ ശരിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button