മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധമുയരുന്നു. കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് ആണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാക്ക് പഴംപൊറോട്ട് ആത്മഹത്യ ചെയ്തത്. മക്കളില്ലാത്ത ഇദ്ദേഹത്തിന്റെ സ്വത്ത് മുഴുവൻ ഇ.എം.എസ് അക്കാദമിക്കും ഭൗതിക ശരീരം മെഡിക്കൽ കോളജിനും വേണ്ടി എഴുതിവെച്ച ആളായിരുന്നു സഖാവ് റസാഖ്.
ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഇയാൾക്ക് അനുകൂലമായ നടപടികൾ ഒന്നുമുണ്ടായില്ല. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
വീടിന് സമീപം പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിനെതിരെ സി.പി.എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ റസാഖ് നിരവധി തവണ പരാതി നൽകിയിയിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ സഹോദരൻ ശ്വാസകോശ സംബന്ധമായ അസുഖം കാരണം ഈയടുത്ത് മരിക്കുകയും ചെയ്തു. ഈ മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നുള്ള മലിനീകരണമാണ് തന്റെ സഹോരന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും ഗുരതരമായ ഒരു വിഷയം ഉന്നയിച്ചിട്ടും താൻ പിന്തുണയ്ക്കുന്ന പാർട്ടിയും പഞ്ചായത്തും അവഗണിച്ചത് റസാഖിന് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.
Post Your Comments