ന്യൂഡല്‍ഹി : ആഡംബര കപ്പലിലെ ലഹരി ഇടപാടിന്റെ പേരില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ വച്ച് വിലപേശിയെന്ന കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ മുംബൈ മുന്‍ മേധാവി സമീര്‍ വാങ്കെഡെയ്ക്ക് ജൂണ്‍ എട്ട് വരെ ജാമ്യം അനുവദിച്ച് കോടതി.
സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുപോകരുതെന്ന് നിര്‍ദ്ദേശിച്ച ബോംബെ ഹൈക്കോടതി, സന്ദേശങ്ങള്‍ ചോരുന്നതിനു പിന്നില്‍ വാങ്കഡെയ്ക്ക് പങ്കുണ്ടോയെന്നും ആരാഞ്ഞു. സന്ദേശങ്ങള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചത് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്. കേസ് ജൂണ്‍ എട്ടിന് വീണ്ടും പരിഗണിക്കും. അതുവരെ വാങ്കഡെയുടെ അറസ്റ്റു പാടില്ലെന്നും കോടതി വ്യക്തമാക്കി.
വാങ്കഡെ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കിയിട്ടും സിബിഐ അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തെ ശല്യപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ വാങ്കഡെ കേസിന്റെ ചില വശങ്ങള് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നും ഷാരൂഖ് ഖാനുമായുള്ള ചാറ്റുകള്‍ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും സിബിഐ വിശദീകരിച്ചു. വാങ്കഡെയുടെ അറസ്റ്റ് തടയരുതെന്നും സിബിഐ ആവശ്യപ്പെട്ടു.
Post Your Comments