സമൂഹമാധ്യമങ്ങളിലൂടെ താരമായ മീശ വിനീത് കവർച്ച കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ റീൽസ്, ഇൻസ്റ്റാഗ്രാം താരമായ വിനീത് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായത്. വിനീതിനൊപ്പം കിളിമാനൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ ജിത്തു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വിനീതിനെ ജാമ്യത്തിലിറക്കുവാനോ സഹായിക്കുവാനോ ഇടപെടില്ലെന്ന് വിനീതിൻ്റെ പിതാവും വ്യക്തമാക്കിക്കഴിഞ്ഞു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
നാട്ടിൽ അച്ഛനും അമ്മയും സഹോദരനുമടങ്ങിയ കുടുംബമാണ് വിനീതിൻ്റേത്. വീട്ടുകാർ ക്ഷേത്രത്തിനു സമീപത്തുള്ള പൂക്കടയിൽ പൂവ് കെട്ടിയാണ് ഉപജീവനം നടത്തുന്നത്. പ്രായത്തിൻ്റെ അവശതകൾ കാരണം അച്ഛൻ പൂകെട്ടാൻ പോകുന്നത് ഇപ്പോൾ അപൂർവ്വമാണ്. സഹോദരനാണ് ഈ ജോലി ഇപ്പോൾ ചെയ്യുന്നതെന്നാണ് വിവരം. അതേസമയം വിനീതുമായി തങ്ങൾക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വിനീതിൻ്റെ കുടുംബാംഗങ്ങളെ സംബന്ധിച്ച് നാട്ടിൽ നല്ല അഭിപ്രായമാണെന്നുള്ളതും യാഥാർത്ഥ്യമാണ്. വിനീത് തൃശൂരിലായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് നാട്ടിലെത്തുന്നത് വലിയ ആഡംബര വാഹനങ്ങളിലായിരുന്നു.
ഈ വാഹനങ്ങൾ എങ്ങനെയാണ് വിനീതിന് ലഭിക്കുന്നതെന്നുള്ളത് ഇന്നും നാട്ടുകാർക്ക് അജ്ഞാതമാണ്. ഏതോ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗസ്റ്റുകളെ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന ജോലിയാണ് വിനീതിനെന്നുള്ള വിവരങ്ങളും നാട്ടിൽ പ്രചരിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് വിനീത് ആഡംബര വാഹനങ്ങളിൽ നാട്ടിലെത്തുന്നതും റീൽസും ടിക്ടോക് വീഡിയോകളും ചെയ്യുന്നതെന്നും നാട്ടുകാർ വിശ്വസിച്ചിരുന്നു. ഇതിനിടെ മോഷണം വിനീതിൻ്റെ നിത്യതൊഴിലാണെന്ന വിവരങ്ങളും നാട്ടിൽ നിന്ന് പുറത്തു വരികയാണ്. വളരെ ചെറിയ പ്രായത്തിൽത്തന്നെ മോഷണം ആരംഭിച്ച വ്യക്തിയാണ് മീശ വിനീതെന്ന് നാട്ടുകാർ പറയുന്നു.
നിരവധി കേസുകൾ ഇക്കാലയളവിൽ `മീശ´യെ തേടിയെത്തി. വിനീത് ആദ്യമായി മോഷണ കേസിൽ അകപ്പെടുന്നത് വിനീതിൻ്റെ സ്വന്തം നാടായ വെള്ളല്ലൂരിൽ വച്ചുതന്നെയാണ്. മൊബെെൽ ടോപ് അപ്പ് കൂപ്പൺ വിതരണം ചെയ്യുന്ന ആളുടെ 40,000 രുപയാണ് വിനീത് അന്ന് കവർന്നത്. തുടർന്ന് പള്ളിക്കൽ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് വ്യാപാരി കേസു നൽകി. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ വിനീതിനെ പൊലീസ് പൊക്കുകയും ചെയ്തു. തുടർന്ന് മോഷ്ടിച്ച തുക തിരിച്ചു നൽകി
വിനീത് മാപ്പപേക്ഷിക്കുകയായിരുന്നു. പരാതിയില്ലെന്ന് വ്യാപാരി വ്യക്തമാക്കിയതിനെ തുടർന്ന് വിനീത് അന്ന് കേസിൽ നിന്നും ഊരിവരികയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കല്ലമ്പലം കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ആഘോഷങ്ങൾക്കിടെയായിരുന്നു അടുത്ത മോഷണം. അന്ന് വിവാഹത്തിന് ഒരു കുടുംബം വന്ന കാറിൻ്റെ ഡോർ തുറന്ന് കാറിനകത്തു വച്ചിരുന്ന പണമടങ്ങിയ പേഴ്സ് എടുക്കുകയായിരുന്നു. പേഴ്സുമായി നാട്ടിലെത്തിയ വിനീത് സഹോദരനേയും കൂടുകാരേയും വിളിച്ചു കൊണ്ടുപോയി ചിലവും നടത്തി പണം മുഴുവൻ ചിലവാക്കുകയും ചെയ്തു. പക്ഷേ വിനീത് പേഴ്സ് എടുക്കുന്ന ദൃശ്യങ്ങൾ ആഡിറ്റോറിയത്തിലെ സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സംഭവം കേസായതിനു പിന്നാലെ വിനീത് വീണ്ടും പിടിയിലായി.
എന്നാൽ ഇത്തവണ വിനീത് മാത്രമായിരുന്നില്ല. പണം ചിലവാക്കിയപ്പോൾ അതിൻ്റെ പങ്കുപറ്റിയ വിനീതിൻ്റെ സഹോദരൻ ഉൾപ്പെടെയുള്ളവർ അകത്താകുകയായിരുന്നു. വിനീത് മോഷ്ടിച്ച പണത്തിനാണ് ചിലവ് നടത്തുന്നതെന്ന് സഹോദരൻ ഉൾപ്പെടെയുള്ളവർ അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനിടെ തൃശൂരിൽ എന്തോ ജോലി ലഭിച്ചുവെന്ന് പറഞ്ഞ് മീശവിനീത് കുറച്ചു കാലം മാറി നിന്നിരുന്നു. തൃശൂരോ എറണാകുളത്തോ പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തിൽ കുറച്ചുകാലം ഡ്രെെവറായി ഇയാൾ ജോലി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ ഒരു പരിചയം വച്ചാണ് വിനീത് താൻ മാധ്യമപ്രവർത്തനാണെന്ന് തൻ്റെ ആരാധികമാരോട് പറഞ്ഞിരുന്നത്.
തൃശൂരിൽ ജീവിക്കുന്നതിനിടയിലാണ് വിനീത് സമൂഹമാധ്യമങ്ങളിൽ ആക്ടിവായി മാറിയത്. റീൽസിലൂടെയും ടിക്ടോക് വീഷിയോകളിലൂടെയും മറ്റും നിരവധി ആരാധകരെ സ്വന്തമാക്കിയ വിനീത് സമൂഹമാധ്യമങ്ങളിൽ സ്വന്തമായി ഒരിടം ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായതിനു പിന്നാലെ വിനീതിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയോളം വലവരുന്ന സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 4 ഫോണാണ് വിനീത് ഉപയോഗിച്ചുകൊണ്ടിരുന്നത്. വിവാഹിതരായ നിരവധി സ്ത്രീകളുമായി ഇയാൾ സമൂഹമാധ്യമങ്ങൾ വഴി ബന്ധം തുടർന്നിരുന്നുവെന്നും സൂചനകളുണ്ട്.
ഭർത്താക്കൻമാർ വിദേശത്തുള്ള സ്ത്രീകളുമായിട്ടായിരുന്നു വിനീത് കൂടുതലും ബന്ധം പുലർത്തിയിരുന്നത്. ഭർത്താക്കൻമാർ വിദേശത്തിരുന്ന് വീഡിയോ കോൾ ചെയ്യുന്ന സ്ക്രീൻ ഷോട്ടുകൾ വീനിതിൻ്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു എന്നാണ് സൂചനകൾ. ഈ ചിത്രങ്ങൾ അവരുടെ ഭാര്യമാരാണ് വിനീതിന് അയച്ചു നൽകിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളസും വീട്ടിലുണ്ടായിരുന്നു.
പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ. വിനീതിനെ തിരക്കി മുന്നാമത്തെ പ്രാവശ്യമാണ് പൊലീസ് ഈ വീട്ടിൽ കയറുന്നതെന്നും ഇനി തങ്ങളുടെ ഭാഗത്തു നിന്ന് അയാൾക്ക് യാതൊരു സഹായങ്ങളും ഉണ്ടാകില്ലെന്നും വിനീതിൻ്റെ പിതാവ് പൊലീസുകാരോട് വ്യക്തമാക്കിയിരുന്നു.
Post Your Comments