കൊച്ചി: നിലപാടുള്ളയാളായതിനാൽ മമ്മൂട്ടിക്ക് നഷ്ടങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ബോളിവുഡിലെ ചെറിയചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുമ്പോള്‍ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ വലിയൊരു അടയാളപ്പെടുത്തലിനെ നാം കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകൾ ഇങ്ങനെ;
‘ഞാനും മമ്മൂക്കയും തമ്മില്‍ നല്ല കെമസ്ട്രിയാണ്. യഥാര്‍ത്ഥത്തില്‍ സഹോദര തുല്ല്യമായ ബന്ധമാണ്. ഈ ബന്ധത്തിന് കാരണം അദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഇടപെടുന്നില്ല എന്ന കാരണത്തിലായിരിക്കും. പല ആള്‍ക്കാരും എന്റെ അടുത്ത് മമ്മൂട്ടിയുടെ കോള്‍ഷീറ്റ് എടുത്ത് തരുമോയെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതു നടക്കില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ഉണ്ടായതെന്നും ബ്രിട്ടാസ് പറഞ്ഞു.
മിക്കവാറും ദിവസങ്ങളില്‍ സംസാരിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യും. അദേഹം എല്ലാ പരിപാടിയിലും പങ്കെടുക്കും, ഒരു രൂപ വാങ്ങിക്കില്ല. അദേഹം നല്ലൊരു മനുഷ്യ സ്‌നേഹിയാണ്. കേരളത്തിന്റെ സാഹോദര്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി. നിലപാട് കൊണ്ട് അദേഹത്തിന് നഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലില്‍ നില്‍ക്കുക ആളല്ല. പല നിലപാടുകള്‍ കൊണ്ട് അദേഹത്തിന് നഷ്ടങ്ങള്‍ ഉണ്ടായി. മമ്മൂട്ടിക്ക് ഒരു പദ്മശ്രീ കിട്ടിയിട്ട് എത്ര നാളായി. ബോളിവുഡിലെ ചെറിയചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുമ്പോള്‍ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ വലിയൊരു അടയാളപ്പെടുത്തലിനെ നാം കാണുന്നില്ല. മമ്മൂട്ടി പക്ഷേ, ഇക്കാര്യം പറയില്ല. ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും’.
Post Your Comments