കോട്ടയം: ആ കുരുന്നുകളുടെ ജീവിതം മാറിമറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. അയൽവീട്ടിൽ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു മൂന്നാം ക്ലാസുകാരൻ സച്ചിനും എൽകെജി വിദ്യാർത്ഥിയായ സ്റ്റെവിനും. എന്നാൽ തിരികെയെത്തിയ ഇരുവരെയും കാത്തിരുന്നത് രക്തം വാർന്ന് കിടക്കുന്ന തങ്ങളുടെ അമ്മയെയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസിലാക്കാൻ പോലുമാകാത്ത പ്രായം. തന്റെ അമ്മയെ അരോ കൊന്നു എന്നു പറഞ്ഞുകൊണ്ട് അനിയന്റെ കൈപിടിച്ച് സച്ചിൻ അയൽവാസിയുടെ വീട്ടിലെത്തി.
എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽ വീട്ടിൽ തലയും കുനിച്ച് സച്ചിൻ ഇരുന്നു. അപ്പോഴും ഒന്നും മനസിലാകാതെ സ്റ്റെവിൻ കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുകയായിരുന്നു. കോട്ടയത്ത് ഭർത്താവ് വെട്ടിക്കൊന്ന യുവതിയുടെ കുഞ്ഞുങ്ങൾ ഇന്ന് നാടിന്റെ തീരാനോവായ് മാറുകയാണ്. ഇന്നലെ രാവിലെയാണ് കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിൽ പരാതിക്കാരിയായ ജൂബി വെട്ടേറ്റ് കൊല്ലപ്പെടുന്നത്. അയൽവാസി കുരുവിള ഉടൻ പൊലീസിൽ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ജൂബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിന്നാലെ ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് ജൂബി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാളിൽ നിന്നും യുവതിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഭർത്താവ് തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ പരാതി നൽകിയ യുവതിയെ ഇന്നലെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി കൈമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നത്.
കോട്ടയത്തെ യുവതി 2022 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്ന് പതിനാലോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കാളി കൈമാറ്റത്തിനായി സജീവമാണെന്ന് കണ്ടെത്തുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല. അറസ്റ്റിലായ പുരുഷന്മാരുടെ ഭാര്യമാർ, തങ്ങൾ സ്വമേധയാ ആണ് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് തയ്യാറായത് എന്ന നിലപാടെടുത്തതാണ് അന്വേഷണത്തെ വഴിമുട്ടിച്ചത്.
ഇന്ത്യയിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല എന്നതാണ് പങ്കാളി കൈമാറ്റ കേസിനെ കുഴയ്ക്കുന്നത്. തങ്ങൾക്ക് പരാതിയില്ല എന്ന് സ്ത്രീകൾ പറഞ്ഞാൽ അന്വേഷണം അവിടെ നിലയ്ക്കും. ആയിരത്തിലേറെ അംഗങ്ങളുള്ള സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവതി മാത്രമായിരുന്നു പരാതി നൽകാൻ തയ്യാറായത്. പരാതിക്കാരിയായ യുവതി പൊലീസിന് നൽകിയ മൊഴി ഭയാനകമാണ്. സ്വന്തം ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറഞ്ഞിരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ 1940കളിൽ യു,എസ് എയർ ഫോഴ്‌സിലാണ് പങ്കാളി കൈമാറ്റത്തിന് തുടക്കം. രണ്ടാം ലോക മഹായുദ്ധകാലമായ അന്ന് യുദ്ധത്തിൽ കൊല്ലപ്പെടുന്ന യുദ്ധവിമാന പൈലറ്റുമാരുടെ കുടുംബത്തെ സംരക്ഷിക്കാൻ അവരുടെ സഹപ്രവർത്തകരായ പൈലറ്റുമാരാണ് അത്തരത്തിൽ മരിക്കുന്ന പൈലറ്റുമാരുടെ ഭാര്യമാരെ സ്വാപ്പിംഗിന് ഉപയോഗിച്ചത്. അക്കാലത്ത് ഇത് വ്യാപകമായി നടന്നിരുന്നു.
കേരളത്തിൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് 2013ലാണ് ഇത്തരമൊരു സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. ഒരു ലഫ്‌റ്റനന്റ് കേണലിന്റെ ഭാര്യയാണ് അന്ന് ഭർത്താവ് ഉന്നതോദ്യോഗസ്ഥർക്ക് തന്നെ കാഴ്‌ചവച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു ഇത്. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം 2019ൽ ഭർത്താവിനെതിരെ സമാനമായ പരാതിയുമായി ഒരു യുവതിയും രംഗത്തെത്തി. അതിന് പിന്നാലെയാണ് 2022ൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവതി ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി നൽകിയത്.
2022ൽ കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാതി. ഒൻപതോളം പേരിൽ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങൾ യുവതിയ്‌ക്ക് നേരിടേണ്ടിവന്നത്. യുവതി നൽകിയ പരാതിയിലെ വിശദമായ അന്വേഷണത്തിൽ നൂറുകണക്കിന് പേർക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചു. ഭർത്താവടക്കം ഏഴുപേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. ആലപ്പുഴ, എറണാകുളം,കോട്ടയം എന്നിവിടങ്ങളിലുള്ളവരാണ് അന്ന് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. എന്നാൽ, അന്വേഷണം എങ്ങുമെത്തിയില്ല. പിടിയിലായവരുടെ ഭാര്യമാർ തങ്ങൾക്ക് പരാതിയില്ലെന്ന നിലപാടെടുത്തതാണ് അന്വേഷണം വഴിമുട്ടിച്ചത് എന്നാണ് സൂചന.
ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭർത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഭൂരിഭാഗം ഭാര്യമാരും ഭർത്താക്കന്മാരും ഉഭയസമ്മതപ്രകാരം തങ്ങളുടെ പങ്കാളികളെ കൈമാറ്റം ചെയ്യുകയായിരുന്നെന്നാണ് പോലീസിൽ മൊഴി നൽകിയതോടെ വാർത്തകളിൽ നിറഞ്ഞ പങ്കാളി കൈമാറ്റ കേസ് പരാതി നൽകിയ യുവതിയുടെ പീഡനക്കേസായി മാത്രം ഒതുങ്ങി. ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നെന്നും തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് പങ്കാളി കൈമാറ്റത്തിനായുള്ള ഗ്രൂപ്പിലെ സ്ത്രീകൾ പറയുന്നത്.
ലൈംഗിക ആസ്വാദനത്തിനായി തങ്ങൾ സ്വമേധയാ വന്നതാണെന്നും ഇവർ പറയുന്നു. പങ്കാളി കൈമാറ്റ കേസിൽ പൊലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സദാചാര പൊലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഒരു കേസൊഴികെ ബാക്കിയെല്ലാം അസാധുവാകുന്ന സാഹചര്യമായിരുന്നു.
Post Your Comments