കായംകുളം: ജന്മനാടായ മുതുകുളത്തെ നടി നവ്യ നായർ അപമാനിച്ചതായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നവ്യ തന്റെ ജന്മനാടിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയിൽ നവ്യയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.
നവ്യയുടെ പരാമർശത്തിന് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പ്രതിഷേധം നടക്കുന്നത്.
ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറയുന്നുണ്ട്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്‍റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് നവ്യയെ ചില പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. ഇതിനും ഇവിടുത്തുകാർ മറുപടി നൽകുന്നുണ്ട്. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ് എന്ന് നവ്യ പറഞ്ഞെങ്കിൽ തങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു.
Post Your Comments