കൊളംബിയ: കൊടുംവനത്തിൽ തകർന്നുവീണ വിമാനത്തിൽ നിന്നും അത്ഭുതകരമായി നാല് കുട്ടികൾ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊളംബിയ. വിമാനം തകർന്ന് വീണ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നാല് കുട്ടികളെ വനത്തിനുള്ളിൽ ജീവനോടെ കണ്ടെത്തിയത്. പതിമൂന്നും ഒൻപതും നാലും വയസ്സുള്ള കുട്ടികൾക്കൊപ്പം ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. രാജ്യത്ത് തന്നെ ഏറെ സന്തോഷം നൽകുന്ന വാർത്തയാണിതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രസ്താവനയിൽ പറയുന്നു.
സേനയുടെ ശ്രമകരമായ തിരച്ചിലിന് ശേഷമാണ് കാട്ടിലെ കുട്ടികളെ കണ്ടെത്തിയതെന്ന് പ്രസിഡന്റ് ട്വിറ്ററിൽ പറഞ്ഞു. മെയ് ഒന്നിനാണ് വിമാനം വനത്തിനുള്ളിൽ തകർന്നുവീണത്. ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയ്‌ക്കും സാൻ ജോസ് ഡെൽ ഗ്വാവിയറിനുമിടയിൽ ആയിരുന്നു സംഭവം. വനത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു സെസ്‌ന 206 വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ഏഴ് യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരാളുടെയും മൃതദേഹം സൈനികർ കണ്ടെത്തി. അപകടത്തിൽ മറ്റ് നാല് പേർ കൂടി മരണപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ, 11 മാസം പ്രായമുള്ള കുട്ടിയും 13 വയസ്സുകാരനും 9 വയസ്സുകാരനും 4 വയസ്സുകാരനും ഉൾപ്പെടെയുള്ള നാലംഗ സംഘം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നുവെന്ന കാര്യം സൈനികരോ രക്ഷാപ്രവർത്തകരോ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാൽ കാട്ടിൽ കമ്പും മരത്തിന്റെ ശിഖരങ്ങളും മറ്റും കൂട്ടിവച്ച് ഒരു താൽകാലിക ഷെഡ് ഉണ്ടാക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കുട്ടികൾ ജീവനോടെയുണ്ടെന്ന് സൈനികർ മനസിലാക്കുന്നത്. ഷെഡിൽ നിന്ന് ഒരു കത്രികയും തലയിലിടുന്ന ബാൻഡും സൈനികർക്ക് ലഭിച്ചു. ഇതുകൂടാതെ കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്ന ഒരു കുപ്പി കൂടി കണ്ടെത്തിയതോടെ കുട്ടികൾ പുറത്തേക്കുള്ള വഴിതേടി കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന നിഗമനത്തിൽ സൈനികരെത്തി.
കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസ്സിലായതോടെ നൂറിലധികം സൈനികരെയും ഡോഗ് സ്ക്വാഡിനെയും കൂടി തിരച്ചിൽ സംഘം കാട്ടിലെത്തി. കുട്ടികളോട് കാട്ടിനുള്ളിലേക്ക് പോകരുത്, ഇപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ നിൽക്കണമെന്ന നിർദേശം ഹെലികോപ്റ്ററിൽ നിന്നും കേൾപ്പിച്ചു. ഇത് കേട്ട കുട്ടികൾ അതിനനുസരിച്ച് പ്രവർത്തിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞത്.
Leave a Comment