തൃശൂർ: സീരിയല്‍ താരങ്ങളെ പറ്റി പൊതുവേദിയില്‍ ആക്ഷേപത്തോടെ പ്രസംഗിച്ച സി.പി.എം നേതാവിന് അതേവേദിയിൽ വെച്ച് കുറിക്കുകൊള്ളുന്ന മറുപടി നൽകി നടി മഞ്‍ജു പത്രോസ്. സ്‌പോട്ടില്‍ കുറിക്കു കൊള്ളുന്ന മറുപടിയാണ് നടി നല്‍കിയത്. പെരുമ്പിലാവില്‍ നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘേഷ പരിപാടിക്കിടെയായിരുന്നു സംഭവം. സി.പി.എം തൃശൂർ ജില്ല കമ്മറ്റി അംഗം ബാലാജിയായിരുന്നു വേദിയിൽ വെച്ച് സീരിയൽ നടിമാരെ ഒന്നടങ്കം ആക്ഷേപിച്ചത്.
സീരിയല്‍ നടികൾ വരുന്നത് തനിക്കിഷ്ടമല്ലെന്നും, താൻ സീരിയലുകള്‍ കാണാറില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേവേദിയില്‍ തന്നെ മറുപടിയും നല്‍കി. ‘സാറിന് ഞങ്ങളെ ഇഷ്ടമില്ലാത്തത് ഞങ്ങള്‍ അഭിനയിക്കുന്നത് കൊണ്ടാണോ അതോ സാര്‍ കാണാത്തത് കൊണ്ടാണോ എന്നറിയില്ല. ഇത് ഒരു തൊഴില്‍ മേഖലയാണെന്നും അത്ര എളുപ്പമല്ല ഈ മേഖലയിലുമെത്താനെന്നും എനിക്ക് കൃഷി ഇഷ്ടമല്ലെന്നും അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ മതി’യെന്നുമാണ് താരം നല്‍കിയ മറുപടി.
നടൻ സാജൻ സൂര്യ ഇക്കാര്യം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ‘ഒരു പൊതു പരിപാടിയില്‍ സിനിമ സീരിയല്‍ നടി മഞ്ജു പത്രോസിനെ വേദിയില്‍ ഇരുത്തിക്കൊണ്ട്, സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കില്‍ കൂടിയും മഞ്ജു പത്രോസ് നല്‍കി. അഭിനന്ദനങ്ങള്‍ മഞ്ജു. പരിപാടിയുടെ പേര് ‘പെണ്‍വെട്ടം’ എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കല്‍. ആളെകൂട്ടാന്‍ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയല്‍ കാണരുതെന്ന് ചീത്തയായി പോകുമെന്ന്. ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കള്‍ കാരണം TV-യിലെ വാര്‍ത്തകള്‍ പോലും കാണാന്‍ നാണക്കേടാന്ന്. കലികാലം’, വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.
Post Your Comments