
ഇസ്ലാമാബാദ്: ഏതുനിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോവുകയാണെന്ന് വ്യക്തമാക്കി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇതുതന്റെ അവസാന ട്വീറ്റ് ആയേക്കുമെന്നും പാക് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ലൈവ് വീഡിയോ സന്ദേശത്തിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാന്‍ തകരാന്‍ പോവുകയാണ്. നമ്മുടെ തലച്ചോറ് ഈ നിമിഷം കാര്യക്ഷമമായി ഉപയോഗിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യം കണ്ടംതുണ്ടമാകും. അതു നുള്ളിപ്പറുക്കി നേരെയാക്കാന്‍ പോലും നമുക്ക് കഴിഞ്ഞെന്ന് വരില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് പേടിയാണ്. കാരണം എല്ലാ സര്‍വേകളും തെളിയിക്കുന്നത് രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ പാര്‍ട്ടി പിടിഐ ആണെന്നതാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇമ്രാന്‍ ഖാന്‍ വിജയിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പിനെ ഭയക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments