ന്യൂഡൽഹി: സുദീപ്തോ സെൻ സംവിധാനം ചെയ്ത വിവാദ ചിത്രം ‘കേരള സ്റ്റോറി’യെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. സെപ്റ്റിക് ടാങ്കിൽ ഇടേണ്ട ഒരു സിനിമയാണ് കേരള സ്റ്റോറി എന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. ജമ്മു കശ്മീരിൽ സിനിമയെ പുകഴ്ത്തി കോളജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട വിദ്യാർത്ഥികളെ പൂർവ്വ വിദ്യാർത്ഥികൾ ആക്രമിച്ച സംഭവത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
‘സെപ്റ്റിക് ടാങ്കിൽ ഇടേണ്ട ഒരു സിനിമ എങ്ങനെയാണ് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്. ടൺ കണക്കിന് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് ജനങ്ങളെ തമ്മിൽ തല്ലിക്കുക, അതിലൂടെ വർഗീയ ധ്രുവീകരണം സാധ്യമാക്കുക എന്നൊരൊറ്റ ഉദ്ദേശം മാത്രമേ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്നിലുള്ളൂ’, ബ്രിട്ടാസ് പ്രതികരിച്ചു.
അതേസമയം, ആദ ശര്‍മ്മ നായികയായ ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. എതിരാളികളെ അമ്പരപ്പിച്ച് സിനിമ ഓരോ ദിവസവും കളക്ഷനിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം 150 കോടി കടന്ന ദി കേരള സ്റ്റോറി ബുധനാഴ്ച്ച 166 കോടിയിലേക്ക് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉയരുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ സിനിമയുടെ റിലീസ് തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന. രണ്ടാം വാരം കഴിയും മുമ്പേ ദി കേരള സ്റ്റോറി 200 കോടി ക്ലബും കടന്ന് മുന്നേറും.
Post Your Comments