ന്യൂഡൽഹി: മുപ്പത്തഞ്ചുകാരിയായ ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എഴുപത്തൊന്നുകാരൻ. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലാണ് സംഭവം.
കഴിഞ്ഞ വർഷം നവംബറിലാണ് യുവതിയും എസ്കെ ഗുപ്ത എന്ന 71കാരനും തമ്മിൽ വിവാഹിതരായത്. ഗുപ്തയ്ക്ക് 45 വയസ്സുള്ള അമിത് എന്ന മകനുണ്ട്. മകൻ ഭിന്നശേഷിക്കാരനും സെറിബ്രൽ പാൾസിയുള്ള ആളുമാണ്. മകനെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതിയെ വിവാഹം കഴിച്ചതെന്നാണ് ഗുപ്ത പറയുന്നത്. എന്നാൽ, വിവാഹശേഷം യുവതി അതിന് തയ്യാറായില്ല. ഇതോടെ യുവതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ഗുപ്ത തീരുമാനിച്ചു. എന്നാൽ, വിവാഹമോചനം നടത്തണമെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഇതോടെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിടുകയായിരുന്നു. മകനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സഹായിക്കാറുള്ള വിപിൻ എന്നയാളുടെ സഹായം തേടി. ക്വട്ടേഷൻ പൂർത്തിയാക്കിയാൽ പത്തുലക്ഷം രൂപ നൽകാമെന്ന ധാരണയിൽ രണ്ടര ലക്ഷത്തോളം രൂപ മുൻകൂർ തുകയായും നൽകി.
തുടർന്ന് വിപിനും സുഹൃത്ത് ഹിമാൻഷുവും ചേർന്ന് ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനിടെ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് വീട് കൊള്ളയടിക്കുന്നതിനിടെ സംഭവിച്ച കൊലപാതകമാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീട് കൊള്ളയടിക്കുകയും ഗുപ്തയുടെയും യുവതിയുടെയും മൊബൈൽ ഫോണുകൾ അപഹരിക്കുകയും ചെയ്തു. കൊലപാതകം നടക്കുമ്പോൾ അമിത് വീട്ടിലുണ്ടായിരുന്നതായും പോലീസ് പറയുന്നു.
Post Your Comments