കൊല്ലം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ നിന്ന് കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് നേതാക്കൾ നടത്തുന്നത്.
മന്ത്രിയെ നാണംകെട്ടവൾ എന്നാണ് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധിക്ഷേപിച്ചത്. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ വീണയ്ക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ‘വന്ദനയ്ക്ക് പരിചയസമ്പത്ത് കുറവ്’ എന്ന വീണയുടെ പ്രസ്താവനയായിരുന്നു ഈ വിമർശനങ്ങൾക്ക് കാരണമായത്.
അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ചികിത്സയ്ക്കായി പൊലീസ് കൊണ്ടുവന്ന ആൾ ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. അധ്യാപകനായ സന്ദീപ് ആണ് പ്രതി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തുന്ന സമരം ഇന്നും തുടരുകയാണ്. അമിത ജോലിഭാരം, വീക്കിലി ഓഫ് പോലും എടുക്കാൻ കഴിയാത്ത വിധമുള്ള ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം എന്നിവ ഉയർത്തിയാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മിഷൻ വെയ്ക്കണമെന്നാണ് അവശ്യം.
Post Your Comments