തൃശൂർ: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. വന്ദനയെ മനഃപൂർവ്വം പോലീസ് മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്തബന്ധമുള്ള കുട്ടിയായിരുന്നുവെങ്കിൽ വന്ദനയോട് പോലീസുകാർ ഇത്തരത്തിൽ പെരുമാറുമായിരുന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളൂ’, സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നതെന്നും സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
Post Your Comments