ചാത്തന്നൂർ: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ കരുനാഗപ്പള്ളി ഡ്രീംസിൽ സജീവ് കുമാറിന്റെയും കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനിജയുടെയും മകൻ ഡിജിനാണ് (16) മരിച്ചത്. സജീവ് കുമാർ(52), ഭാര്യ മിനിജ, മകൾ ദിയ (18) മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവ് കുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
Read Also : ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങള്‍ നടത്തിയത്: സ്രാങ്ക് ദിനേശന്
രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. കാർ യാത്രക്കാരായ സജീവ് കുമാറും കുടുംബാംഗങ്ങളും മധ്യവേനലവധിയായതിനാൽ അബുദാബി സന്ദർശിക്കാൻ പോയിരുന്നു. തുടർന്ന്, ആറ് ദിവസത്തെ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് വിമാനമിറങ്ങി. അവിടെയുള്ള ബന്ധുവിന്റെ കാറിൽ കരുനാഗപ്പള്ളിയിലേയ്ക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്. ചാത്തന്നൂർ എൽഎംഎസ്എൽപി സ്കൂളിന് സമീപമായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചത്. കൊല്ലം ഭാഗത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം തകർന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഡിജിൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു. ഡിജിന്റെ സംസ്കാരം ഇന്ന് നടക്കും.
Post Your Comments