കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുച്ചിറ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് കൊല്ലപ്പെട്ടത്.
വന്ദനയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കളും നാട്ടുകാരും. ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്ന ആഗ്രഹമാണ് വന്ദനയെ മുന്നോട്ട് നയിച്ചിരുന്നത്. ആ ലക്ഷ്യത്തിലേക്ക് അടുക്കവെയാണ് ഹൗസ് സർജൻസിയുടെ ഭാഗമായുള്ള ജോലിക്കിടെ വന്ദന കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഡോക്ടർ വന്ദന ദാസ് എംബിബിഎസ് എന്ന ബോർഡ് സ്ഥാപിച്ച് മകളുടെ എല്ലാ സ്വപ്നങ്ങൾക്കും കൂട്ടുനിന്നിരുന്ന മാതാപിതാക്കളായിരുന്നു മോഹൻദാസും വസന്തകുമാരിയും. ഇപ്പോൾ വന്ദനയുടെ അമ്മ പോലീസ് ഉദ്യോഗസ്ഥരുടെ കൈപിടിച്ച് കരഞ്ഞ് പറയുന്ന വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. തന്റെ മകളെ കൊലപ്പെടുത്തിയവനെ അതുപോലെ കൊല്ലണമെന്നും വെറുതെ വിടരുതെന്ന് ആണ് അമ്മ നെഞ്ചുപൊട്ടി പറയുന്നത്.
ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് ആണ് ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ 11 തവണയാണ് ഡോക്ടർക്ക് കുത്തേറ്റത്. ഇയാളുടെ ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർക്കും കുത്തേറ്റിരുന്നു.
Post Your Comments