രാജ്യത്ത് കരുതൽ സ്വർണശേഖരം കുത്തനെ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 മാർച്ച് അവസാനത്തോടെ കരുതൽ സ്വർണശേഖരം 34.22 ടണ്ണാണ് വർദ്ധിച്ചത്. ഇതോടെ, സ്വർണശേഖരം 794.64 ടണ്ണിൽ എത്തി. 2022 മാർച്ചിൽ ഇത് 760.42 ടണ്ണായിരുന്നു. ഇതിനോടൊപ്പം തന്നെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം കൂടിയിട്ടുണ്ട്. 2022 സെപ്റ്റംബറിലെ 7.06 ശതമാനത്തിൽ നിന്നും 2023 മാർച്ചിൽ 7.81 ശതമാനമായാണ് സ്വർണത്തിന്റെ വിഹിതം ഉയർന്നത്.
മൊത്തം കരുതൽ സ്വർണശേഖരത്തിൽ 437.22 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് ആർബിഐ സൂക്ഷിച്ചിട്ടുള്ളത്. അതേസമയം, ആഭ്യന്തരമായി രാജ്യം 301.10 ടൺ സ്വർണം മാത്രമാണ് സൂക്ഷിച്ചിട്ടുള്ളത്. 2023 മാർച്ച് വരെയുളള കണക്കുകൾ അനുസരിച്ച്, മൊത്തം വിദേശ കറൻസി ആസ്തി 509.69 ബില്യൺ ഡോളറാണ്. ഇതിൽ 411.65 ബില്യൺ യുഎസ് ഡോളർ സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ മറ്റ് സെൻട്രൽ ബാങ്കുകളിലും, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലും സൂക്ഷിച്ചിരിക്കുകയാണ്.
Also Read: യുവതിയോട് അപമര്യാദയായി പെരുമാറി ടിടിഇ: സംഭവം കേരളത്തില്‍
Post Your Comments