ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ സംഘർഷം. പിടിഐ പാർട്ടിയാണ് പ്രതിഷേധം നടത്തുന്നത്. വലിയ സംഘർഷമാണ് പാകിസ്ഥാനിലെ പലഭാഗങ്ങളിലും നടക്കുന്നത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെഷവാറിലെ റേഡിയോ പാകിസ്ഥാൻ കെട്ടിടത്തിനും പ്രതിഷേധക്കാർ തീയിട്ടു. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പാക് എയർഫോഴ്സ് മെമ്മോറിയൽ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണം നടന്നു.
അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായാണ് ഇമ്രാൻ കോടതിയിലെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെയുള്ളത്.
Post Your Comments