Latest NewsKeralaNews

കഴുത്തിൽ അമർത്തി ചവിട്ടി മരണം ഉറപ്പാക്കി, പാറയിടുക്കിൽ മൃതദേഹം ഒളിപ്പിച്ചു: ആതിരയെ അഖിൽ കൊലപ്പെടുത്തിയത് ആസൂത്രിതമായി

കാലടി: ചെങ്ങൽ സ്വദേശി ആതിരയെ സുഹൃത്ത് അഖിൽ കൊലപ്പെടുത്തിയത് ആസൂത്രിതമായി. തെളിവുകൾ ഒന്നും ബാക്കിവെയ്ക്കാതെ കൃത്യം നിർവഹിക്കാനായിരുന്നു ശ്രമം.

29ന് അതിരപ്പിള്ളിയിലേക്ക് പോകാൻ വല്ലം കവലയിൽ കാത്തുനിന്ന ആതിരയെക്കൂട്ടി അഖിൽ അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെത്തി. ആതിരയെ കാറിൽ തന്നെ ഇരുത്തി, സൂപ്പർമാർക്കറ്റിലെത്തി താൻ ഇവിടെ തന്നെ ഉണ്ടെന്ന് സ്ഥാപിച്ചു. തുടർന്ന് കാറിൽ അതിരപ്പിള്ളിക്കു പോയി.

ഉച്ചയോടെ കൊലപാതകം നടന്നതായാണ് പോലീസ് പറഞ്ഞത്. ആദ്യം സ്വന്തം കഴുത്തിൽ ഷാൾ ചുറ്റി പ്രണയരംഗം അഭിനയിച്ചു. തുടർന്ന്, സ്നേഹഭാവത്തിൽ ഷാൾ ആതിരയുടെ കഴുത്തിൽ ചുറ്റി പൊടുന്നനെ ശക്തമായി വരിഞ്ഞു മുറുക്കുകയായിരുന്നു. കഴുത്തിൽ അമർത്തി ചവിട്ടി മരണം ഉറപ്പാക്കി. പാറയിടുക്കിൽ മൃതദേഹം ഒളിപ്പിച്ചു.

ആതിരയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും കൈക്കലാക്കി. ഇത് അങ്കമാലിയിൽ പണയപ്പെടുത്തി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പുഴയിൽ ഒഴുക്കിക്കളഞ്ഞു.

ആതിരയോട് ഫോൺ എടുക്കണ്ട എന്നു പറഞ്ഞതും സ്വന്തം ഫോൺ സ്വിച്ച് ഓഫ് ചെയ്തതും പദ്ധതിയുടെ ഭാഗമായാണ്.

കോടതി റിമാൻഡ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ആനത്താരയുള്ള ഉൾക്കാട്ടിൽ ആദ്യമായാണ് വന്നിട്ടുള്ളത് എന്നാണ് പ്രതി പറയുന്നത്. എന്നാൽ, പരിചയമില്ലാത്തവർക്ക് എത്തിപ്പെടാനാകാത്ത സ്ഥലമാണിതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പതിനായിരത്തിലേറെ ഫോളോവേഴ്സ് ഇയാൾക്കുണ്ട്. അധികവും പെൺകുട്ടികളാണ്. സൗഹൃദങ്ങൾ മുതലെടുത്ത് ഇയാൾ കൂടുതൽ ആളുകളിൽനിന്ന് പണം തട്ടിയിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button