വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ആത്മഹത്യ, ട്രാൻസ് വിഭാഗത്തിലെ ആദ്യ മിസ്റ്റർ കേരള പ്രവീൺ നാഥ്‌ വിടവാങ്ങുമ്പോൾ

ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ബോഡി ബിൽഡറായും 2021 ലെ മിസ്റ്റർ കേരളയും മിസ്റ്റർ തൃശ്ശൂരുമായി വാർത്തകളിൽ ഇടം നേടിയ പ്രവീൺ നാഥ്‌ അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു.

ട്രാൻസ്ജെൻഡറുകൾക്ക് സംവരണം അ‌നുവദിച്ച സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ ആദ്യമായി ആ സ്വത്വത്തിൽ ഒരു കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥിയാണ് നെന്മാറ സ്വദേശിയായ പ്രവീൺനാഥ് പ്രണയ ദിനത്തിലാണ് ട്രാൻസ്‌വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹം നടന്നത്. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു.

അതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രവീൺ പങ്കുവച്ചത് ഇങ്ങനെ,

ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ്‌ പ്രചരിപ്പിക്കരുത്….. ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ..

പെൺകുട്ടിയായിരുന്ന തന്റെ സ്വത്വം ആൺകുട്ടിയുടേതാണെന്ന് പ്രവീൺ തിരിച്ചറിയുന്നത് 15-ആം വയസ്സിലാണ്. അധ്യാപകരും സുഹൃത്തുക്കളുമാണ് തന്നിലെ മാറ്റങ്ങളെ ആദ്യം തിരിച്ചറിഞ്ഞത്. 18ആം വയസ്സിൽ വീട് വിട്ടിറങ്ങേണ്ടി വന്നുവെന്നു മുൻപ് ഒരു അഭിമുഖത്തിൽ പ്രവീൺ തുറന്നു പറഞ്ഞിരുന്നു.

ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ തന്റെ സ്വത്വം വെളിപ്പെടുത്തി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് ലിംഗമാറ്റ ചികിത്സകൾ ആരംഭിക്കുന്നത്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്ന പ്രവീണിന് അക്ഷയകേന്ദ്രത്തിൽ ജോലി ലഭിച്ചെങ്കിലും നാട്ടുകാരിൽ നിന്ന് പരിഹാസവും അവഗണനയും നേരിടേണ്ടി വന്നതോടെ തൃശൂരിലൈക്ക് താമസം മാറി.

ബോഡി ബില്‍ഡിങ്ങിലേക്കുള്ള പ്രവീണിന്റെ കടന്നു വരവിനു സഹായിച്ചത് ട്രെയിനര്‍ ആയ വിനുവായിരുന്നു. മിസ്റ്റർ തൃശൂർ മത്സരത്തിൽ സ്പെഷൽ കാറ്റഗറിയിൽ ആദ്യ മത്സരാർഥിയായി പ്രവീൺ. അതിനുശേഷം മിസ്റ്റർ കേരളയിലും മത്സരാർഥിയായി. ഒരു ട്രാൻസ്മാന്റെ ശരീരം എങ്ങനെയാണ് ? എന്തെല്ലാം വ്യത്യാസങ്ങളുണ്ട് ? ട്രാൻസ്മെന്നിന് എന്തെല്ലാം ചെയ്യാനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന ആഗ്രഹം സഫലമായെന്നാണ് വിജയത്തിന് ശേഷം പ്രവീൺ പറഞ്ഞത്. എന്നാൽ തോറ്റു പോകരുതെന്നും താൻ കാരണം തല കുനിക്കേണ്ടി വന്ന വീട്ടുകാർക്ക് അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമുള്ള ചിന്തകൾ മുന്നേറാൻ കരുത്തേകിയെന്നു പല അഭിമുഖങ്ങളിലും പങ്കുവച്ച പ്രവീൺ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു യാത്രയായതിന്റെ ഞെട്ടലിലാണ് ട്രാൻസ് സമൂഹം.

Share
Leave a Comment