തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ, ലോകകേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുത്ത് പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില്‍ പോകുന്ന സംഘം ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണ് ഉണ്ടാകുക.
അമേരിക്ക-ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ സാധ്യമാകൂ.
ജൂണ്‍ 13-15 വരെയുള്ള ക്യൂബ സന്ദര്‍ശനത്തിൽ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്സണല്‍ അസിസ്റ്റന്റ് വിഎം സുനീഷും യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. യുഎസ് തലസ്ഥാനമായ വാഷിങ്ടണില്‍ ജൂണ്‍ 12ന് മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.
ചര്‍ച്ചയില്‍ മന്ത്രി ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടില്‍ നിന്നാണ്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്റിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
Post Your Comments